ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യുന്ന എമ്പുരാൻ : വിമർശിച്ചു അഖിൽ മാരാർ | Akhil Marar Words On Empuran Movie
Akhil Marar Words On Empuran Movie : മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവീധാനം ചെയ്ത എമ്പുരാൻ ചിത്രം റിലീസ് പിന്നാലെ സൃഷ്ടിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. മാർച്ച് 27ന് ലോകം ഒട്ടാകെ റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ പുത്തൻ കളക്ഷൻ റെക്കോർഡ്സ് നേടി എങ്കിലും ചിത്രം ചില സീൻസ് അടക്കം സൃഷ്ടിച്ച രാഷ്ട്രീയ വിവാദങ്ങൾ ആളി കത്തുന്ന കാഴ്ച സിനിമ പ്രേമികളെ അടക്കം നിരാശരാക്കി. 200കോടി രൂപയിൽ അധികം കളക്ഷൻ നേടി എമ്പുരാൻ കുതിപ്പ് തുടരുമ്പോൾ സിനിമയിലെ ചില വിവാദ സീൻസിനെ കുറിച്ചും ശേഷം ഉയർന്ന വിമർശനങ്ങളെ കുറിച്ചും അഭിപ്രായവുമായി എത്തുകയാണ് ഇപ്പോൾ ബിഗ്‌ബോസ് ജെതാവ് കൂടിയായ അഖിൽ മാരാർ.
ലൂസിഫർ സെക്കന്റ് പാർട്ട് ആയി എത്തിയ എമ്പുരാൻ നേടിയ വൻ വിജയത്തിന്റെ മേനി കുറക്കുന്നതായ വിവാദങ്ങളെ കുറിച്ചാണ് അഖിൽ മാരാർ വിശദമായ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടത്.എമ്പുരാൻ സിനിമ പ്രവർത്തകർ ചതി കാണിച്ചുവെന്നാണ് അഖിൽ മാരാർ അഭിപ്രായം.
“സിനിമയിൽ രാഷ്ട്രീയം പറയുന്നതിലോ യാഥാർഥ്യം പറയുന്നതിലോ യാതൊരു തെറ്റുമില്ല.സമൂഹത്തോടുള്ള ഒരു കലാകാരന്റെ ചേർന്ന് നിൽക്കലാണ് അവന്റെ കലയിലൂടെ അവൻ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം.. അവിടെ അവന് പണം അല്ല ലക്ഷ്യം.ഒരു കാലത്തു KPAC നാടകങ്ങൾ, സാംബ ശിവന്റെ കഥാ പ്രസംഗങ്ങൾ ഇവയൊക്കെ ഒരു വിഭാഗം ജനങ്ങളോടുള്ള ഐക്യ പെടൽ കൂടിയായിരുന്നു.. പണത്തെക്കാൾ ഉപരി അവരെ മുന്നോട്ട് നയിച്ചത് അവരുടെ ഉള്ളിലെ നീതി ബോധമായിരുന്നു.അവിടെയാണ് മനുഷ്യരെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കാൻ ശ്രമിച്ച എമ്പുരാൻ എന്ന സിനിമയും അതിന്റെ അണിയറ പ്രവർത്തകരും സമൂഹത്തോട് ചെയ്ത ചതി തുറന്ന് പറയേണ്ടിയിരിക്കുന്നത്..എമ്പുരാൻ സിനിമ കണ്ട നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇത് യഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സിനിമയോ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച സിനിമയോ അല്ല…ബുദ്ധി ജീവി എന്ന് മറ്റുള്ളവർ കരുതുന്ന മുരളി ഗോപിയുടെ വികലമായ എഴുത്തിനു പൃഥ്വിരാജിന്റ്റ് കോടികൾ മുടക്കിയ വിവരക്കേട് അതാണ് സിനിമ കണ്ട ശേഷം എനിക്ക് തോന്നിയത് “അഖിൽ മാരാർ വിമർശനം തുറന്ന് പറഞ്ഞു.
“സിനിമയിൽ ക ലാപം കാണിക്കാം എന്നാൽ കാശുണ്ടാകാൻ വേണ്ടി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ അപകടകരമാണ് എതിർക്കപ്പെടേണ്ടതാണ്..ജനഗണമന സിനിമ ഇറങ്ങിയപ്പോൾ അന്ന് സന്ദീപ് വാര്യർ ഈ സിനിമയിലെ ട്രെയിലർ കണ്ട് പ്രതികരിച്ചു. സിനിമയിൽ ഇല്ലാത്ത ട്രെയിലർ രംഗങ്ങൾ ബോധപൂർവം സൃഷ്ടിച്ചതിന് ശേഷം അതിനെതിരെ ബിജെപി നേതാവ് രംഗത്ത് എന്ന് പറഞ്ഞായിരുന്നു ആ സിനിമ മാർക്കറ്റ് ചെയ്തത്. ഒരു സിനിമയുടെ മാർക്കറ്റിങ് സാധ്യത ബിജെപി ആ സിനിമയ്ക്കെതിരെ എന്നാക്കുമ്പോൾ അത് വിജയം ആയി മാറുന്നത് ഇന്നാട്ടിലെ മുസ്ലിം സമൂഹത്തെ അത്രയേറെ മണ്ടന്മാർ ആയി ഇവർ കാണുന്നത് കൊണ്ടാകും.അല്ലെങ്കിൽ ബിജെപയേ അവർ അത്രയേറെ വെറുക്കുന്നത് കൊണ്ടാകും.അത് തന്നെയാണ് പാളി പോയ എമ്പുരാനു ഇവർ ഉപയോഗിച്ചതും.. സിനിമ ഇറങ്ങി പലർക്കും ദഹിക്കാതെ പോയപ്പോൾ അശ്വന്ത് ഉൾപ്പെടെ മോശം റിവ്യൂ പറഞ്ഞപ്പോൾ പിന്നീട് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്… സിനിമയിൽ “സംഘികളെ എടുത്തു ഉടുത്തിട്ടുണ്ട്..” “ഗുജറാത്ത് കലാപം കാണിച്ചിട്ടുണ്ട് “എന്ന കമന്റുകൾ ആയിരുന്നു.. സ്വഭാവികമായും ആ കമന്റുകൾക്ക് മറുപടി കമന്റുകളുമായി സൈബർ സങ്കികൾ വന്നു.. അതോടെ കേരളത്തിലെ മതേതര വിഡ്ഢികൾ സിനിമയുടെ അണിയറ പ്രവർത്തകർ കുഴിച്ച കുഴിയിൽ വന്നു വീണു… സംഘികൾ തള്ളി പറഞ്ഞ എമ്പുരാന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പിന്തുണ.. മാധ്യമങ്ങൾ മാനവികത പുകഴ്ത്തി പാടി”അഖിൽ മാരാർ എഴുതി.
“ഇതൊക്കെ കണ്ട് പല ബിജെപി നേതാക്കളും സന്തോഷം കൊണ്ട് തുള്ളി ചാടി.. ബിജെപിയേ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പാർട്ടി ആക്കിയ അല്ലെങ്കിൽ മോദിയെ ബിജെപിയുടെ ദേശീയ നേതാവാക്കിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയ ഗുജറാത്തു കലാപം പുതിയ തലമുറ കൂടി അറിഞ്ഞിരിക്കുന്നു.. കലാപത്തിന് കാരണമായ ട്രെയിനിലെ തീ വെയ്പ്പിന്റെ സിനിമ ദൃശ്യങ്ങൾ,അന്നത്തെ വാർത്തകൾ, സഫാരി ചാനൽ ചെയ്ത ഡോക്യൂമെന്ററി ഉൾപ്പെടെ ബിജെപി സൈബർ ഹാൻഡ്ലുകൾ പ്രചരിപ്പിച്ചു.. അതോടെ തീ വെച്ചതാണോ.. കത്തിയതാണോ എന്ന സംശയങ്ങൾക്ക് ഓരോരുത്തർക്കും അവർക്ക് വേണ്ടാതായ ഉത്തരം കിട്ടി.വോട്ട് കിട്ടിയാലേ അധികാരം കിട്ടു.. അധികാരം കിട്ടിയാലേ മനുഷ്യരെ തുല്യരായി കണ്ട് ഭരണം നിർവഹിച്ചു നൽകാൻ കഴിയു എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട മതേതര വിഡ്ഢികൾ ഘോര ഘോരം ബിജെപിയെക്കെതിരെ പറഞ്ഞിട്ട് ബൂത്തിൽ പോയി അരിവാൾ, കൈപ്പതി, ഏണി, രണ്ടില തൊട്ട് സകല ചിന്ഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ വോട്ട് ചെയ്തു ഇറങ്ങി വരുമ്പോൾ വർഗീയ വാദി ബുദ്ധിമാൻമാർക്ക് താമര എന്ന ഒറ്റ ചിഹ്നം മാത്രമേ മുന്നിലുള്ളു..ബിജെപിക്ക് വോട്ടും എമ്പുരാന് കാശും കൂട്ടി കൊടുത്തിട്ട് ഇത് ഖേരളമാണ് എന്ന് വീമ്പിളക്കി അധികാരം ഇല്ലാതെ ഇരിക്കാൻ ആണ് കോൺഗ്രസ്സിന്റെ വിധി..മുരളി ഗോപിയുടെ വികലതയുടെ വിഡ്ഢിത്തരങ്ങൾ ധാരാളം ഉള്ള സിനിമയിൽ മുഖ്യമന്ത്രിയായ ടോവിനോയും സഹോദരി മഞ്ജു വാര്യരും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരെ ഓർമ്മിപ്പിക്കുമ്പോൾ ഭാവിയിൽ ആ സിനിമയിൽ മുഖ്യമന്ത്രി ചെയ്തത് പോലെ രാഹുൽ ഗാന്ധി ചെയ്യുമെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്..?ബോധപൂർവം നാട്ടിൽ കലാപം ഉണ്ടാക്കണം എന്ന ചിന്ത ഇല്ലെങ്കിൽ ഗുജറാത്തു ക ലാപവും മുല്ലപെരിയാർ ഡാമും ഇത് പോലത്തെ ഒരു തട്ട് പൊളിപ്പൻ സിനിമയിൽ ആരും പറയില്ല..വൈകാരികത വിറ്റ് കാശാക്കുന്നവർ, നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കി മനുഷ്യനെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കുന്നവർകലാകാരന്മാർ അല്ല കലാപകാരികളാണ്…ലാലേട്ടൻ അന്നും ഇന്നും സംവിധായകന്റെ നടൻ ആണ്… കഥ പോലും കേൾക്കാതെ സംവിധായകനെ വിശ്വസിച്ചു ചെയ്ത സിനിമകളാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളും.. സിനിമ പൂർണമായും സംവിധായാകന്റെയും എഴുത്തു കാരന്റെയും ആണെന്ന് വിശ്വസിക്കുന്ന അപൂർവം നടന്മാരിൽ ഒരാളാണ് ലാലേട്ടൻ..അദ്ദേഹം ഒന്നിലും ഇടപെട്ട ചരിത്രം നാളിത് വരെ ഞാൻ കേട്ടിട്ട് കൂടിയില്ല…എന്നിട്ട് പോലും നാട്ടിൽ മനുഷ്യർ തമ്മിൽവിഭാഗീയതയുടെ പേരിൽ പോര് വിളി നടത്തുന്നു എന്നറിഞ്ഞു അതൊഴിവാക്കൻ ശ്രമിച്ച വലിയ മനസ്സിന്റെ ഉടമ കൂടിയാണ്..അത് കൊണ്ട് എന്റെ എഴുത്തിൽ ഒരു ശതമാനം പോലും വിമർശനം ലാലേട്ടൻ അർഹിക്കുന്നില്ല”അഖിൽ മാരാർ വിമർശനം ശക്തമാക്കി.