ഇനിയും അനേകം ശിൽപ്പങ്ങളാകാനുള്ള കളിമണ്ണാണ് നിങ്ങൾ. പക്ഷെ ലാലേട്ടാ!! അഭ്യർത്ഥനവുമായി കിഷോർ സത്യ
Kishor Satya Words on Thudarum Movie : മലയാള സിനിമ എക്കാലവും സിനിമ ആരാധകർക്ക് സമ്മാനിക്കുന്നത് മികച്ച ഒരു ഫീൽ തന്നെയാണ്. സമൂഹത്തിലെ വിഷയങ്ങൾ മനോഹരമായി ചർച്ച ചെയ്യുന്നതിൽ മലയാള സിനിമകൾ വിജയിക്കാറുണ്ട്. അത്തരത്തിൽ മറ്റൊരു ചിത്രം കൂടി, മലയാള സിനിമ പ്രേമികൾക്ക് ഒരു വിരുന്നായി മാറുകയാണ്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവീധാനം ചെയ്ത “തുടരും “റിലീസ് ദിനത്തിൽ തന്നെ പോസിറ്റീവ് അഭിപ്രായങ്ങൾ കൊണ്ട് ശ്രദ്ധേയമായി മാറുകയാണ്. ചിത്രം കണ്ട സന്തോഷവും സിനിമയിൽ ലാലേട്ടൻ അഭിനയ മികവിനെ കുറിച്ചും സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുകയാണ് നടൻ കിഷോർ സത്യ.താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേമായി.
കിഷോർ സത്യ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ
“ഞാൻ ആദ്യമായാണ് ഒരു മലയാള സിനിമ അതിന്റെ ആദ്യപ്രദർശനം കാണുന്നത്. താങ്ക്യൂ തരുൺ മൂർത്തി. കുറച്ചു വർഷങ്ങളായി നമ്മുടെ ലാലേട്ടനെ ഇതുപോലെ കാണാൻ കൊതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ഒരിളം തെന്നൽ പോലെ കടന്നുപോയ ജിത്തു ജോസഫിന്റെ നേര് മാത്രമായിരുന്നു ഒരാശ്വാസം. പഴയത്… പുതിയത്….വിന്റേജ് തുടങ്ങിയ ആലങ്കാരിക പദങ്ങളുടെ ഒന്നും ആവശ്യമില്ല. നടൻ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം നമ്മളെ ആ മാന്ത്രിക കാലത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.
നവമാധ്യമ ലോകത്തെ താരയുദ്ധങ്ങളിൽ ഇത്രയധികം പരിഹസിക്കപ്പെട്ട ഒരു നടൻ മറ്റെങ്ങും ഉണ്ടാവില്ല. മോഹൻലാൽ എന്ന താരത്തെ ഉപയോഗിച്ച സിനിമകളിൽ മിക്കതിലും മോഹൻലാൽ എന്ന നടനെ അവർ മറന്നു പോയിരുന്നു. എന്നാൽ മീശ പിരിക്കാതെ, സ്ലോമോഷനിൽ നടക്കാതെ, പ്രച്ഛന്ന വേഷത്തിന്റെ വിരസതയില്ലാതെ പഞ്ച് വർത്തമാനം പറയാതെ ഒരു സാധാരണക്കാരൻ ഡ്രൈവർ ഷണ്മുഖമായി മോഹൻലാൽ എന്ന നടനും താരവും ഒരേപോലെ തിമിർത്താടുന്നു തുടരും എന്ന സിനിമയിൽ. തീമഴ പെയ്യുന്ന മരുഭൂമിയിൽ വീശി അടിക്കുന്ന മണൽക്കാറ്റിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മുന്നോട്ടു പോയവന് മുമ്പിൽ മരൂപച്ച കിട്ടിയത് പോലെ! സിനിമയുടെ കഥയുടെ ഒരു സൂചന പോലും ഞാൻ നൽകുന്നില്ല. ഈ ചിത്രം മുൻവിധികളില്ലാതെ നിങ്ങൾ പോയി കണ്ടു തന്നെ ആസ്വദിക്കണം സുനിലിന്റെ കഥയിൽ തിരനാടകം ഒരുക്കാൻ തരുൺമൂർത്തിയും കൂടെ കൂടി. ഷാജിയുടെ ക്യാമറ, ജയിക് ബിജോയ് യുടെ സംഗീതം.
ലാലേട്ടനൊപ്പം കട്ടക്ക് പ്രകാശ് വർമ്മ. കൂടെ നമ്മുടെ പ്രിയപ്പെട്ട ശോഭന മാം ബിനു പപ്പു, മണിയൻപിള്ള രാജു ചേട്ടൻ അങ്ങനെ പോകുന്നു…ഒറ്റയ്ക്ക് പോകണ്ട ഭാര്യയും മക്കളും കുടുംബവുമായി തന്നെ ഈ സിനിമ കാണാൻ പൊക്കോളൂ. നിങ്ങൾ നിരാശരാവില്ല. ലാലേട്ടന്റെ കൂടെ നിങ്ങൾ ചിരിക്കും സന്തോഷിക്കും, നെഞ്ചുവിങ്ങും കണ്ണുനീർ പൊഴിക്കും, ആർത്തുവിളിക്കും….പ്രിയപ്പെട്ട ലാലേട്ടാ… ഇനിയും ഒരുപാട് ശില്പങ്ങൾ ആവാനുള്ള കളിമണ്ണാണ് നിങ്ങൾ…പക്ഷേ ശിൽപ്പികളുടെ തെരഞ്ഞെടുപ്പിൽ ഇനി മുതലെങ്കിലും ഒരല്പം കൂടെ ശ്രദ്ധ പതിപ്പിക്കണം എന്ന് മാത്രം”